വര്‍ഷത്തിലെ രണ്ടാമത്തെ പലിശ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബേസ് റേറ്റ് 0.25 ബേസിസ് പോയിന്റ് കുറച്ച് 7.75 ശതമാനത്തിലേക്കാണ് ബാങ്ക് പലിശ കുറച്ചത്. മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.
സെപ്റ്റംബറില്‍ ബേസ് റേറ്റ് 5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. ഇതിന് മുന്‍പുള്ള മാസത്തിലാണ് കുത്തനെ ഉയര്‍ന്ന നിരക്ക് ആദ്യമായി താഴ്ത്താന്‍ ബാങ്ക് തീരുമാനിച്ചത്. 5.25 ശതമാനം വരെ ഉയര്‍ന്ന ശേഷമാണ് പലിശ നിരക്ക് ആഗസ്റ്റിന് ശേഷം 0.5 ബേസിസ് പോയിന്റ് കുറഞ്ഞത്.
പണപ്പെരുപ്പം താഴുന്നതാണ് പലിശ കുറയ്ക്കാന്‍ മോണിറ്ററി പോലിസി കമ്മിറ്റിക്ക് ഊര്‍ജ്ജമായത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ പണപ്പെരുപ്പം 1.7 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നത്. ആഗസ്റ്റിലെ 2.2 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.
പലിശ നിരക്കുകള്‍ 4.75 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത് മോര്‍ട്ട്‌ഗേജുകാരെയും, സേവിംഗ്‌സിനെയും സ്വാധീനിക്കും. മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക് കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ലഭിക്കാന്‍ ഈ കുറയ്ക്കല്‍ കാരണമാകും. എന്നിരുന്നാലും ഫിക്‌സഡ് റേറ്റിലുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാന്‍ അല്‍പ്പം കൂടി കാത്തിരിക്കണം.
2021 ഡിസംബര്‍ മുതല്‍ 14 തവണയാണ് ബാങ്ക് ബേസ് റേറ്റ് ഉയര്‍ത്തിയത്. ഇത് മോര്‍ട്ട്‌ഗേജ് നിരക്കുകളെയും കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ മാസം വരെ മോര്‍ട്ട്‌ഗേജ് നിരക്ക് താഴുകയും ചെയ്തതാണ്. എന്നാല്‍ ഇതിന് ശേഷം ചില ലെന്‍ഡര്‍മാര്‍ വിപണിയിലെ അപ്രതീക്ഷിത സ്വഭാവം മൂലം നിരക്ക് ഉയര്‍ത്തിയിരുന്നു. ഈ അവസരത്തില്‍ ബാങ്കിന്റെ ഇടപെടല്‍ ഗുണഫലം നല്‍കും.