ട്രംപിന്റെ വിജയം ഹാരിയ്ക്കും ഭാര്യക്കും തിരിച്ചടി! ബ്രിട്ടീഷ് രാജ്ഞിയെ ചതിച്ചെന്ന് നിയുക്ത പ്രസിഡന്റ് ആരോപിക്കുന്ന ഹാരിയുടെ രഹസ്യ ഇമിഗ്രേഷന്‍ ഫയലുകള്‍ പുറത്തുവന്നേക്കും; രാജകുമാരനെ നാടുകടത്തുമെന്നും ആശങ്ക

ട്രംപിന്റെ വിജയം ഹാരിയ്ക്കും ഭാര്യക്കും തിരിച്ചടി! ബ്രിട്ടീഷ് രാജ്ഞിയെ ചതിച്ചെന്ന് നിയുക്ത പ്രസിഡന്റ് ആരോപിക്കുന്ന ഹാരിയുടെ രഹസ്യ ഇമിഗ്രേഷന്‍ ഫയലുകള്‍ പുറത്തുവന്നേക്കും; രാജകുമാരനെ നാടുകടത്തുമെന്നും ആശങ്ക
അമേരിക്കയില്‍ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതും അതിലൊരാള്‍ വിജയിക്കുന്നതും സത്യത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെ യാതൊരു തരത്തിലും ബാധിക്കേണ്ട കാര്യമില്ല. എന്നാല്‍ അമേരിക്കയില്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് വന്നതോടെ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനും തലവേദനയുടെ ദിനങ്ങളാണ് വരുന്നത്.

മുന്‍കാലങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരുകളാണ് പ്രശ്‌നം വഷളാക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ ചതിച്ചാണ് ഹാരി രാജ്യം ഉപേക്ഷിച്ച് ഭാര്യക്കൊപ്പം യുഎസിലേക്ക് പോന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. മെഗാന്‍ മാര്‍ക്കിളാകട്ടെ കമലാ ഹാരിസിന് പിന്തുണയും നല്‍കിയിരുന്നു.

ഹാരി രാജകുമാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ക്ക് ഇതുവരെ ബൈഡന്റെ വൈറ്റ് ഹൗസ് രഹസ്യസ്വഭാവം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഞെട്ടിക്കുന്ന വിജയം കരസ്ഥമാക്കിയതോടെ സസെക്‌സ് ഡ്യൂക്കിന്റെ രേഖകള്‍ പരസ്യമാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആശങ്ക.

ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പുറത്തുവിടാന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡന്‍ ഭരണകൂടം ഇത് വിസമ്മതിച്ച് വരികയായിരുന്നു. ട്രംപിന്റെ വരവോടെ ഈ തീരുമാനത്തിനെതിരെ വിജയകരമായി അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ഹെറിറ്റേജ് ഫൗണ്ടേഷന്‍ മാര്‍ഗററ്റ് താച്ചര്‍ സെന്റര്‍ ഫോര്‍ ഫ്രീഡം ഡയറക്ടര്‍ നൈല്‍ ഗാര്‍ഡിനര്‍ പറഞ്ഞു.

താന്‍ വിവിധ മയക്കുമരുന്നുകള്‍ രസത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് 2023 ഓര്‍മ്മപുസ്തകത്തില്‍ ഹാരി വെളിപ്പെടുത്തിയതോടെയാണ് വിസ അപേക്ഷ സംശയാസ്പദമായി മാറിയത്. ഇമിഗ്രേഷന്‍ രേഖകളില്‍ ഈ വിവരങ്ങള്‍ ഹാരി വെളിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഈ കുറ്റസമ്മതങ്ങള്‍ ഹാരിയുടെ യുഎസ് പ്രവേശനത്തെ വിലക്കുമായിരുന്നുവെന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ വാദം.

Other News in this category



4malayalees Recommends