രോഗബാധിതരെ അവരുടെ അവസാനകാലത്ത് നല്ല രീതിയില്‍ പരിപാലിക്കുന്ന കടമയാണ് ഒരു കെയററെ സംബന്ധിച്ചുള്ളത്. ഭൂരിപക്ഷം പേരും ഇത് സത്യസന്ധമായ രീതിയില്‍ നിര്‍വ്വഹിച്ച് വരുന്നു. എന്നാല്‍ ചെറിയൊരു അംശം വരുന്ന കീടങ്ങളും എല്ലായിടത്തും ഉള്ളത് പോലെ കെയറര്‍മാര്‍ക്കും ഇടയിലുണ്ട്. അത്തരമൊരു കെയററാണ് താന്‍ പരിപാലിച്ച രോഗിയുടെ പക്കല്‍ നിന്നും പണവും, വീടും വരെ അടിച്ചുമാറ്റാന്‍ നോക്കി കുരുക്കിലായത്.
90-കളില്‍ പ്രായമുള്ള ഡിമെന്‍ഷ്യ ബാധിതയായ ഗ്വെന്‍ വില്ല്യംസിന്റെ അവസ്ഥ മുതലെടുത്താണ് 67-കാരി ഈവ്‌ലിന്‍ ജോണ്‍സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 145,000 പൗണ്ടോളം അടിച്ചെടുത്തത്. യഥാര്‍ത്ഥ ക്രിമിനലെന്നാണ് ജഡ്ജ് ഈ കെയററെ വിശേഷിപ്പിച്ചത്.
ഒരു ഏജന്‍സി വഴിയാണ് ജോണ്‍സ് വില്ല്യംസിന്റെ കെയററായി എത്തുന്നത്. തന്റെ ഇരയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിച്ചിരുന്ന ജോണ്‍സ് തന്റെ സൗകര്യത്തിന് അനുസരിച്ച് ആശുപത്രി, ഡെന്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ പോലും തിരുത്താന്‍ തുടങ്ങി. പെന്‍ഷണറുടെ കുടുംബത്തെ പതിയെ ഒതുക്കിയ കെയറര്‍ ഒരു ഘട്ടത്തില്‍ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ലാന്‍ഡ്‌ലൈന്‍ ഫോണ്‍ വില്ല്യംസിന് എത്താത്ത സ്ഥലത്തേക്ക് മാറ്റിയതിന് പുറമെ വീട്ടില്‍ നിന്നും സാധനങ്ങള്‍ നഷ്ടമാകാനും തുടങ്ങി. നോര്‍ത്ത് വെയില്‍സിലെ റിലിന് സമീപമുള്ള വീട്ടിലേക്ക് സന്ദര്‍ശകര്‍ എത്തുമ്പോള്‍ വില്ല്യംസിനെ കാണിക്കാതെ തടയാനും ശ്രമങ്ങളുണ്ടായി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം ലഭിച്ചതോടെ കെയറര്‍ ഇതും ചോര്‍ത്തിയെന്ന് കോടതിയില്‍ വ്യക്തമായി.
ബാങ്ക് ജോലിക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തന്റെ പദവി ദുരുപയോഗം ചെയ്ത് കുറ്റങ്ങള്‍ ചെയ്തതായി സമ്മതിച്ച 67-കാരിക്ക് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കാന്‍ കോടതി തയ്യാറായി. 300 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസും ഉത്തരവില്‍ പറയുന്നു.