ഇടുക്കി കൊലപാതകം ; ആശുപത്രിയിലെത്തിച്ചത് തൂങ്ങിമരണമെന്ന് പറഞ്ഞ് ; പ്രതികളായ കുടുംബം കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

ഇടുക്കി കൊലപാതകം ; ആശുപത്രിയിലെത്തിച്ചത് തൂങ്ങിമരണമെന്ന് പറഞ്ഞ് ;  പ്രതികളായ കുടുംബം കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍
ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ അമ്മയും സഹോദരനും സഹോദരിയുമാണ് അറസ്റ്റിലായത്. തൂങ്ങിമരണമെന്ന് പറഞ്ഞായിരുന്നു ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ബിബിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. തൂങ്ങിമരിച്ചെന്നായിരുന്നു ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരാണ് അറസ്റ്റിലായത്.

Other News in this category



4malayalees Recommends