ഹോട്ടല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയില്‍ യുവാവിന്റെ മൊഴി

ഹോട്ടല്‍ ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല; രഞ്ജിത്തിനെതിരായ പരാതിയില്‍ യുവാവിന്റെ മൊഴി
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ യുവാവിന്റെ മൊഴി പുറത്ത്. ഒമ്പത് വര്‍ഷത്തിന് മുന്‍പുള്ള സംഭവമായതിനാല്‍ ഏത് താജ് ഹോട്ടലാണെന്ന് പറയാന്‍ സാധിക്കുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കേസില്‍ മുന്‍പ് ആരോപിക്കപ്പെട്ട ബംഗളൂരുവിലെ താജ് ഹോട്ടലുകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.

അന്വേഷണ സംഘം ഇന്നലെ പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. ഹോട്ടലേതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരാതിക്കാരനെ ബംഗളൂരു നഗരത്തിലുള്ള നാല് താജ് ഹോട്ടലുകളിലും എത്തിച്ച് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രഞ്ജിത്തിന് നോട്ടീസ് നല്‍കും.

2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവാവിന്റെ പറയുന്നത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ 'ബാവുട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു. ഞാന്‍ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്‌നനാകാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എന്റെ കണ്ണില്‍ കണ്മഷി എഴുതാന്‍ ആവശ്യപ്പെട്ടു എന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends