വിന്റര്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് തലവേദന പിടിച്ച സമയമാണ്. രോഗങ്ങളുടെ ചാകരയും, രോഗികളുടെ കുത്തൊഴുക്കും ചേര്‍ന്ന് എന്‍എച്ച്എസിനെ അടിമുടി സമ്മര്‍ദത്തിലാക്കുന്ന സമയം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊറോണാവൈറസ് പോലുള്ളവ കൊണ്ടുപോയെങ്കിലും മഹാമാരി കെട്ടടങ്ങിയതോടെ മറ്റ് വൈറസുകള്‍ പിടിമുറുക്കുകയാണ്. ഈ വിന്ററിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മുന്നറിയിപ്പ്.
എന്നുമാത്രമല്ല വൈറസുകള്‍ കൂട്ടമായി അക്രമിക്കുന്നതോടെ യുകെയ്ക്ക് ഒരു 'ട്രിപ്പിള്‍ മഹാമാരിയെ' അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. അത് ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുമെന്നതാണ് അവസ്ഥ. ആര്‍എസ്‌വി എന്ന് പേരുള്ള മാരകമായ ശ്വാസകോശ ഇന്‍ഫെക്ഷന്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരെയാണ് ബാധിക്കുക. ഇന്‍ഫെക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ പല കുഞ്ഞുങ്ങളും ആശുപത്രിയില്‍ എത്തുന്നതായാണ് കണക്കുകള്‍.
ഇതിനിടെ നൊറോവൈറസ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇത് വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനം. അടുത്ത ഏതാനും ആഴ്ചകളില്‍ കോവിഡ്, ഫ്‌ളൂ കേസുകളുടെ എണ്ണവും ഉയരും. നിലവില്‍ ഈ വൈറസുകളുടെ എണ്ണം കുറവാണെന്നതില്‍ ആശ്വസിക്കേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
കുഞ്ഞുങ്ങളിലും, പ്രായമായവരിലും ശ്വാസകോശ ഇന്‍ഫെക്ഷന്‍ മാരകമായി മാറുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ കേസുകളില്‍ 7.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. നിലവില്‍ എന്‍എച്ച്എസില്‍ ആദ്യമായി സൗജന്യ ആര്‍എസ്‌വി വാക്‌സിന്‍ നല്‍കുന്നുണ്ട്. 75 മുതല്‍ 79 വരെ പ്രായമുള്ളവര്‍ക്ക് ഫിസര്‍ വാക്‌സിന്‍ എടുക്കാന്‍ അവസരമുണ്ട്.