എന്‍എച്ച്എസില്‍ കൊണ്ടുപിടിച്ച പരിഷ്‌കാര നടപടികള്‍ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. ഏത് വിധേനയും എന്‍എച്ച്എസിനെ പരിഷ്‌കരിച്ച് കളയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഇതൊക്കെ നടപ്പാക്കാന്‍ ആവശ്യത്തിന് നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ ബാക്കി കാണുമോയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.
യുകെയില്‍ പരിശീലനം നേടിയ നഴ്‌സുമാര്‍ രജിസ്റ്ററില്‍ പ്രവേശിച്ച് ഒരു ദശകം പൂര്‍ത്തിയാക്കും മുന്‍പ് ജോലി ഉപേക്ഷിക്കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കണ്ടെത്തല്‍. ഹെല്‍ത്ത്‌കെയര്‍ മേഖലയെ പരിഷ്‌കരിക്കാനുള്ള നടപടികള്‍ക്ക് ഈ കൊഴിഞ്ഞുപോക്ക് ഭീഷണിയാകുമെന്ന് യൂണിയന്‍ ചൂണ്ടിക്കാണിച്ചു.
ജോലിക്ക് കയറി ആദ്യ പത്ത് വര്‍ഷത്തിനുള്ളില്‍ രജിസ്റ്ററില്‍ നിന്നും പുറത്തിറങ്ങിയവരുടെ എണ്ണം 11,000-ഓളം വരുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഡാറ്റ പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
'നഴ്‌സിംഗ് മികച്ച കരിയറാണ്. എന്നാല്‍ സമ്മര്‍ദത്തില്‍ പൊറുതിമുട്ടി, മോശം ശമ്പളം വാങ്ങി, മാന്യമായ മനസ്ഥിതി ഇല്ലാതെ ആയിരക്കണക്കിന് പേര്‍ ജോലി ഉപേക്ഷിക്കുന്നു', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള സ്റ്റര്‍ജന്‍ പറയുന്നു. നഴ്‌സുമാര്‍ ജോലിക്ക് കയറി അധികം വൈകാതെ പ്രൊഫഷന്‍ ഉപേക്ഷിക്കുകയും, സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റ് തകരുകയും ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കും, അവര്‍ വ്യക്തമാക്കി.
നഴ്‌സുമാര്‍ക്ക് ജോലിയില്‍ തുടരാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഒരു കാരണം നല്‍കണമെന്ന് റേഞ്ചര്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗിന് മികച്ച നിക്ഷേപവും, മെച്ചപ്പെട്ട ശമ്പളും, ലോണുകള്‍ എഴുതിത്തള്ളുകയും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. 2021 മുതല്‍ 2024 വരെ കാലയളവില്‍ 10 വര്‍ഷത്തിനുള്ളില്‍ ജോലി വിട്ടവരുടെ എണ്ണത്തില്‍ 43 ശതമാനമാണ് വര്‍ദ്ധന.