ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയില്‍ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടര്‍ എന്‍ പ്രശാന്ത്. 'കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ' എന്നുതുടങ്ങുന്ന പോസ്റ്റില്‍ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമര്‍ശം.
കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ എന്‍ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.
അതേസമയം, ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ചട്ടലംഘനം നടത്തി പരസ്യ വിമര്‍ശനം നടക്കുന്നതായുള്ള വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്. സ്വമേധയാ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമര്‍ശനത്തില്‍ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നേരത്തെ എന്‍ പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് വഴി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്ത് കമന്റിട്ടതാണ് വിവാദങ്ങള്‍ ആളിക്കത്തിച്ചത്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമന്റിന് എന്‍ പ്രശാന്ത് മറുപടി നല്‍കുകയായിരുന്നു. മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.