അമേരിക്കയുടെ പുതിയ യുഎന്‍ അംബാസഡറായി എലീസ് സ്റ്റെഫാനികിനെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ വാഷിംഗ്ടണില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് എലീസ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്നാണ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ കാബിനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ ചുമതല അതീവ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു എലീസ് പ്രതികരിച്ചത്.
പുതിയ നിയോഗം വലിയ ഉത്തരവാദിത്വമാണ്. ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍. അത് തുടരുന്നതായിരിക്കും പ്രവര്‍ത്തനങ്ങള്‍, എല്ലാവരുടേയും പിന്തുണ വേണമെന്നും അവര്‍ പ്രതികരിച്ചു. വിദേശ നയത്തിലും ദേശീയ സുരക്ഷയിലും എലീസിന് പ്രവര്‍ത്തിച്ച് പരിചയമുണ്ട്. നേരത്തേ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലും ഇന്റലിജിന്‍സ് ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റിയിലും എലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പരിചയം തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്നാണ് എലീസ് പറയുന്നത്.
ദീര്‍ഘകാലമായി ട്രംപിന്റെ വിശ്വസ്ഥയാണ് എലീസ്. ഇസ്രായേലിന് പിന്തുണയുമായി എലീസ് നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ പലസ്തീന്‍ അതോറിറ്റി ഇസ്രായേലിനെ യുഎന്നില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടന്നപ്പോള്‍ ഐക്യരാഷ്ട്ര സഭയ്ക്കുള്ള യുഎസ് ഫണ്ടിംഗില്‍ പുനര്‍നിര്‍ണയം വേണമെന്ന് എലീസ് ആവശ്യപ്പെട്ടിരുന്നു. യുഎന്നിലെ ഇസ്രായേല്‍ അന്താരാഷ്ട്ര വക്താവ് എലീസിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
ന്യൂയോര്‍ക്കിലാണ് എലീസ് ജനിച്ചു വളര്‍ന്നത്. 2006-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കീഴില്‍ വൈറ്റ് ഹൗസ് ആഭ്യന്തര നയ ഉപദേശകയായി എലീസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ എലീസ് മുന്നിലുണ്ടായിരുന്നു.