നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ആദ്യമായി ചെയ്ത കാര്യം ഇലോണ്‍ മസ്‌കിന് വകുപ്പ് നല്‍കുക എന്നതായിരുന്നു. പ്രചാരണഘട്ടത്തില്‍ പലപ്പോഴുമായി കൂടെ ഉണ്ടായിരുന്ന മസ്‌കിന് സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് ആണ് ട്രംപ് നല്‍കിയത്. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്‌ക് ഈ വകുപ്പ് കൈകാര്യം ചെയ്യുക.
ഇപ്പോളിതാ ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കിരുവര്‍ക്കും ശമ്പളം ഇല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്‌ക്. ഈ വെളിപ്പെടുത്തല്‍ കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് ഏവരും.
യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു ട്വീറ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേര്‍ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഉന്നം. പക്ഷെ മറുപടി നല്‍കിയത് സാക്ഷാല്‍ മസ്‌ക് തന്നെയാണ്.
നിങ്ങളെപ്പോലെയല്ല, ഞങ്ങള്‍ രണ്ട് പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ ശമ്പളം വാങ്ങുന്നില്ല. 'ഡോഗ്' ജനങ്ങള്‍ക്കായി വലിയ കാര്യങ്ങള്‍ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം' എന്നായിരുന്നു മസ്‌കിന്റെ മറുപടി. ശമ്പളമില്ലാത്ത മന്ത്രിമാര്‍ എന്ന ഈ ട്വീറ്റ് ഇപ്പോള്‍ തന്നെ അമേരിക്കക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ട്രംപിനെ 'ഡോഗ്'(DOGE ) ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'വിവേക് രാമസ്വാമിയും ഇലോണ്‍ മസ്‌കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സര്‍ക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും, പാഴ്‌ച്ചെലവുകള്‍ ഇല്ലാതാക്കാനും, ഫെഡറല്‍ ഏജന്‍സികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. 'സേവ് അമേരിക്ക' മൂവ്‌മെന്റിന് അവ അത്യാവശ്യമാണ്' എന്നായിരുന്നു ട്രംപ് പറഞ്ഞത്.