കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ് വനിതാ പൊലീസ്; മാപ്പ് പറയിപ്പിച്ച് എസ്എഫ്ഐ നേതാവ്

കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ് വനിതാ പൊലീസ്; മാപ്പ് പറയിപ്പിച്ച് എസ്എഫ്ഐ നേതാവ്
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സംഘടിച്ചുനിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ വനിത എഎസ്ഐയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്. കുട്ടികള്‍ എസ്എഫ്ഐ പ്രാദേശിക നേതാവുമായി വന്ന് വനിത പൊലീസ് ഉദ്യോഗസ്ഥയെ മാപ്പ് പറയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അനാവശ്യമായി സംഘടിച്ചുനിന്ന കുട്ടികളെ ശ്രദ്ധിച്ച പിങ്ക് പൊലീസ് അവര്‍ക്കരികിലെത്തുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗത്തെ സംബന്ധിച്ച് ചോദ്യം ചെയ്തതിനാണ് നേതാക്കള്‍ പൊലീസുകാരിയെ പിടിച്ചുവച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം എതിര്‍ത്തെങ്കിലും സ്ഥലത്തുനിന്നും കുട്ടികള്‍ പിരിഞ്ഞുപോയി. ഇതിന് ശേഷം ഇവര്‍ പ്രാദേശിക എസ്എഫ്ഐ നേതാവിനൊപ്പം തിരിച്ചുവന്നു. എസ്എഫ്ഐ നേതാവ് പൊലീസ് ഉദ്യോഗസ്ഥയെ വിളിക്കുകയും കുട്ടികളോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കയര്‍ത്തതോടെ സംഘര്‍ഷസാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് മാപ്പ് പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചെറിയ കുട്ടികളായതിനാല്‍ തനിക്ക് പരാതിയില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. കൊയിലാണ്ടി കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends