പകല്‍ നിരീക്ഷിച്ച ശേഷം രാത്രി മോഷണം ; ആലപ്പുഴയിലും എറണാകുളത്തും മോഷണം നത്തിയത് കുറുവ സംഘമെന്ന നിഗമനത്തില്‍ പൊലീസ് ; പെട്രോളിങ് ശക്തമാക്കി

പകല്‍ നിരീക്ഷിച്ച ശേഷം രാത്രി മോഷണം ; ആലപ്പുഴയിലും എറണാകുളത്തും മോഷണം നത്തിയത് കുറുവ സംഘമെന്ന നിഗമനത്തില്‍ പൊലീസ് ; പെട്രോളിങ് ശക്തമാക്കി
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് കുറുവ സംഘം. ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.

പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഭീതിയായി മാറിയ കുറുവ സംഘത്തിന്റെ രേഖ ചിത്രം വരയ്ക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അക്രമത്തിനിരയായ തൂക്കുകുളം സ്വദേശി ബിപിന്‍ ബോസില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് പൊലീസിന്റെ തീരുമാനം. അക്രമിയുടെ മുഖം വ്യക്തമായി കണ്ടെന്ന് ബിപിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ബിപിനില്‍ നിന്ന് വിവരം തേടി രേഖ ചിത്രം വരയ്ക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

കൊച്ചിയില്‍ ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പത്തോളം വീടുകളില്‍ കുറുവ സംഘമെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് കുറുവ സംഘത്തിന് സമാനമായ മോഷണ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നാണ് സംശയിക്കുന്നത്.

നിലവില്‍ പറവൂര്‍ മേഖലയില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ പ്രദേശത്ത് നൈറ്റ് പട്രോളിങ് ഉണ്ടായിരുന്നു. ഇന്നും അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

മോഷണം നടത്തേണ്ട വീടുകളെ കുറിച്ച് കൃത്യമായി പഠിച്ച ശേഷം എത്തുന്നവരാണ് കുറുവ സംഘം. പകല്‍ അനുകൂല സാഹചര്യമുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.

മോഷണത്തിന് ആറ് മാസം മുമ്പ് തന്നെ ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്നും മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഇവര്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്ന് 10 കിലോമീറ്ററെങ്കിലും മാറിയായിരിക്കും കവര്‍ച്ച നടത്തുക. മദ്യപിച്ചായിരിക്കും കുറുവ സംഘം മോഷണത്തിനെത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ട് ധരിക്കില്ല. നിക്കറോ, മുണ്ടോ ആയിരിക്കും വേഷം. ശരീരമാസകലം എണ്ണയും കരിയും തേക്കും. മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പെട്ടെന്ന് പിടിവിടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

Other News in this category



4malayalees Recommends