കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുന്നില്ല, വി ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തി, യുഡിഎഫിന്റേത് സാമുദായിക പ്രചാരണമെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുന്നില്ല, വി ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തി,  യുഡിഎഫിന്റേത് സാമുദായിക പ്രചാരണമെന്ന് കെ സുരേന്ദ്രന്‍
യുഡിഎഫ് നടത്തുന്നത് സാമുദായിക പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ഇരു മുന്നണികളുടേയും ധാരണ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

'ഇരു മുന്നണികളും വര്‍ഗീയ പ്രചരണം നടത്തുകയാണ്. വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ധാരണ. എസ്ഡിപിഐ പരസ്യ പിന്തുണ യുഡിഎഫിന് നല്‍കി. അവര്‍ വ്യാപക വര്‍ഗീയപ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയുന്നില്ല. വി ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തി. സഞ്ജിത്, ശ്രീനിവാസന്‍ കേസിലെ പ്രതികളുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ശ്രീനിവാസന്റെ കൊലയാളികളുടെ ബന്ധുക്കളുമായി എന്താണ് ചര്‍ച്ച. എംഎല്‍എയുടെ നേതൃത്വത്തില്‍ ഗ്രീന്‍ സ്‌ക്വാഡ് കോണ്‍ഗ്രസ് പ്രചാരണത്തിനെത്തിയിരിക്കുകയാണ്. പ്രത്യേകം പ്രചാരണം നടത്തുന്നു. സാമുദായിക പ്രചാരണത്തിനാണ് യുഡിഎഫിന്റെ ശ്രമം. മുസ്ലിം സഹോദരങ്ങളെ ഭയപ്പെടുത്തുന്നു. എല്‍ഡിഎഫിന് പിഡിപിയുമായി നേരിട്ട് സഖ്യമുണ്ട്. വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു. വിഡി സതീശന്‍ നിരോധിത തീവ്രവാദ സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. എസ്ഡിപിഐ ആരാധനാലയങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തു. കോണ്‍ഗ്രസ് അടിച്ചു കൊടുത്ത ലഘുലേഖയാണ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയം പരിശോധിക്കണം.'

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കും. ആരാധനാലയങ്ങളും മഹല്ല് കമ്മിറ്റികളും കേന്ദ്രീകരിച്ച് വര്‍ഗീയ പ്രചാരണം നടക്കുകയാണ്. ഗ്രീന്‍ ആര്‍മി ചരിത്രത്തില്‍ ഇന്ന് വരെ ഇല്ലാത്ത പ്രചാരണമാണ് നടത്തുന്നത്. പ്രത്യേക വിഭാഗം ആളുകളുടെ വീടുകളിലാണ് ഗ്രീന്‍ ആര്‍മി കയറുന്നത്. കോണ്‍ഗ്രസിന് എന്തുപറ്റിയെന്നും അദ്ദേഹം ചോദിച്ചു.

വിഷയത്തില്‍ മറുപടി പറയേണ്ടത് വിഡി സതീശനാണ്. എസ്ഡിപിഐ പിന്തുണ വേണ്ടെന്നു പറയാന്‍ ആര്‍ജ്ജവമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ എവിടെയൊക്കെ പോയി എന്ന് സതീശന്‍ പറയട്ടെ. പരസ്യമായി കല്‍പ്പാത്തിയിലും രഹസ്യമായി പിഎഫ്ഐയുമായും ചര്‍ച്ച നടത്തുന്നു. പിഎഫ്‌ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പോലീസിന് തന്നെ അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും നടപടിയെടുക്കുന്നില്ല. ഗ്രീന്‍ ആര്‍മിയുടെ പഴയ സിമി എംഎല്‍എ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends