പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം ; സഹപാഠികളുടെ ശല്യപ്പെടുത്തിയിരുന്നു, ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം ; സഹപാഠികളുടെ ശല്യപ്പെടുത്തിയിരുന്നു, ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിന് പിന്നില്‍ സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമെന്ന് കുടുംബം. സഹപാഠികളായ മൂന്ന് പേര്‍ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂര്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവര്‍ ഭീഷണിയുമായെത്തിയെന്നും അമ്മുവിന്റെ പിതാവ് പറഞ്ഞു.

അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ അമ്മുവിനെ അകാരണമായി സുഹൃത്തുക്കള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോലേജില്‍ ഗൈനക് പ്രാക്ടീസിനു പോയ സമയത്ത് സാഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും അമ്മുവുമായി നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പിന്നീട്ടിങ്ങോട്ട് മകളെ അവര്‍ നിരന്തരമായി ശല്യപെടുത്തിയിരുന്നുവെന്ന് അമ്മുവിന്റെ അച്ഛന്‍. ശല്യം സഹിക്കാതെ ഒടുവില്‍ ഹോസ്റ്റലിലെ മറ്റൊരു മുറിയിലേക്ക് മാറി താമസിക്കേണ്ടിയും വന്നു.

കാണാതായ ലോഗ് ബുക്കിനായി അനുവാദമില്ലാതെ ബാഗ് പരിശോധിച്ചതും മകളെ ഏറെ തളര്‍ത്തി. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരുന്നു. ക്ലാസ് ടീച്ചര്‍ ടൂര്‍ കോര്‍ഡിനേറ്ററായി നിയമിച്ച വിവരം അമ്മു അറിഞ്ഞിരുന്നില്ല. ടൂറിന് വരുന്നില്ലെന്ന് അറിയിച്ചിട്ടും സംഘം ഭീഷണിയുമായെത്തിയെന്നും കുടുംബം പറഞ്ഞു.

ഹോസ്റ്റലില്‍ വീണ് അമ്മുവിന് നിസ്സാര പരിക്കേറ്റുവെന്നാണ് വാര്‍ഡന്‍ കുടുംബത്തെ അറിയിച്ചിരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും വേണ്ടത്ര സൗകര്യങ്ങളില്ലാത്ത ആംബുലന്‍സിലാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് അമ്മുവിന്റെ സഹോദരന്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

Other News in this category



4malayalees Recommends