നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം ; ഹോസ്റ്റലിലെ സിസിടിവി പരിശോധിച്ചു, മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യും
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അമ്മുവിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി കുടുംബം ആരോപിക്കുന്ന സാഹചര്യത്തിലാണ്. മൂന്ന് സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റല്‍ മുറിയിലും നിരന്തരം മൂവര്‍ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂര്‍ കോഡിനേറ്ററാക്കിയതും മൂവര്‍ സംഘം എതിര്‍ത്തു. ഈ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാര്‍ഡനടക്കം മൊഴി നല്‍കിയത്. മൂന്നു വിദ്യാര്‍ത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസില്‍ വഴക്കുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കാന്‍ അമ്മുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം നേരിടുന്ന മൂന്നു വിദ്യാര്‍ഥിനികളെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ അച്ഛന്‍, പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിലെ തുടര്‍ നടപടി അറിയാന്‍ ഇന്ന് കോളേജില്‍ എത്തി പോലീസ് സംഘം പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുക്കും.