മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. സാദിഖലി തങ്ങളുടെ മെക്കിട്ടു കയറാന്‍ വന്നാല്‍ നോക്കി നില്‍ക്കില്ലെന്നാണ് ഷാജിയുടെ പ്രതികരണം. തങ്ങള്‍ക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ ദുര്‍ബലതയായി കണ്ട് മെക്കിട്ട് കേറാന്‍ വന്നാല്‍ ട്രൗസര്‍ ഊരുമെന്നും ലീഗ് നേതാവ് പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് രൂക്ഷ വിമര്‍ശനം. 'ചൊറി വന്നവരൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്ന പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ ഇരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. സമയം വരുമ്പോള്‍ കാണാം', കെ എം ഷാജി പറഞ്ഞു.
അതേസമയം, പിണറായി വിജയന് സംഘി ബന്ധമുണ്ടെന്ന് ചന്ദ്രിക മുഖപത്രത്തിലും വിമര്‍ശനമുണ്ട്. തൃശ്ശൂര്‍ പൂരം കലക്കിയതിലും മുനമ്പം വിഷയത്തിലും ചന്ദ്രിക വിമര്‍ശനം ഉയര്‍ത്തുന്നു. സാദിഖലി തങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൈത്താങ്ങ് നല്‍കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കേരളത്തെ സമാധാന തുരുത്തായി നിര്‍ത്തിയത് സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു. തങ്ങളെ വിമര്‍ശിക്കുന്നതിലൂടെ മുഖ്യമന്ത്രി ചെറുതാവുകയാണെന്നും ചന്ദ്രിക മുഖപത്രത്തില്‍ പറയുന്നു.
സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്ന് പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരത്തേയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.