'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ പരമാര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ , ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായിയുടെ പരമാര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ , ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം പാലക്കാടെ തിരഞ്ഞെടുപ്പില്‍ പോസിറ്റീവ് ആയി ഗുണം ചെയ്യുമെന്നാണ് രാഹുല്‍ പറയുന്നത്.

ട്രോളി ബാഗ് ആരോപണത്തില്‍ ഇത്രയും നാളായിട്ടും പൊലീസ് ഒരു എഫ്‌ഐആര്‍ എടുത്തിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. അതെല്ലാം വോട്ടായി മാറും. സിപിഎം ആണ് പാലക്കാട്ട് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. മികച്ച പോളിംഗ് ഉണ്ടാകും. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രചരണത്തിലുള്ളത്. ആധികാരികമായ ജയം കോണ്‍ഗ്രസിനായിരിക്കുമെന്നും രാഹുല്‍ പറയുന്നു.

ബിജെപിയെ സഹായിക്കാനാണ് പാലക്കാട്ട് കോണ്‍ഗ്രസ് ഡീല്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്. അവര്‍ തന്നെ പറയുന്നു ഷാഫി പറമ്പലിന്റെ പ്രിയപ്പെട്ട ആളെയാണ് നിര്‍ത്തിയതെന്ന്. ഏറ്റവും അടുത്തയാളെ തോല്‍ക്കാനായി നിര്‍ത്തുമോ. ഇന്ന് പറയുന്ന കാര്യമല്ല സിപിഎം നാളെ പറയുക. ഇത്തരം ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ഒരു ട്രോളായി മാറുകയേ ഒള്ളൂവെന്ന് രാഹുല്‍ പറഞ്ഞു.



Other News in this category



4malayalees Recommends