ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്‌നുണ്ടായിരുന്ന നിയന്ത്രണം നീക്കി അമേരിക്ക. യുഎസ് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കി. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിക്കാനാണ് അനുമതി.
പ്രസിഡന്റ് പദവിയൊഴിയാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡന്‍ അനുമതി നല്‍കുന്നതോടെ ബ്രിട്ടനും ഫ്രാന്‍സും റഷ്യക്കെതിരായി ദീര്‍ഘദൂര മിസൈല്‍ ഉപയോഗത്തിന് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ന്‍.
യുക്രെയ്‌നെതിരായ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയന്‍ സൈനികരെ കൂടി വിന്യസിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുര്‍സ്‌ക് മേഖലയിലാണ് നിലവില്‍ റഷ്യ - ഉത്തരകൊറിയന്‍ സൈനിക വിന്യാസം യുക്രെയ്‌ന് വലിയ ഭീഷണിയാകുന്നത്. ഇവിടെ ഏകദേശം 11,000ത്തിനടുത്ത് ഉത്തരകൊറിയന്‍ സൈനികര്‍ മാത്രമുണ്ടെന്നാണ് യുക്രെയ്ന്‍ കണക്കുകൂട്ടല്‍. ദീര്‍ഘദൂര മിസൈലുകള്‍ക്ക് അനുമതി നല്‍കുന്നതോടെ ഇരുകൂട്ടരും സൈനിക ശക്തിയില്‍ തുല്യനിലയിലേക്ക് എത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
യുക്രെയ്നില്‍ കഴിഞ്ഞ രാത്രിയും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം റഷ്യ നടത്തി. യുക്രെയ്നിന്റെ ഊര്‍ജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. ആക്രമണത്തില്‍ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകള്‍. ആക്രമണങ്ങളില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.