യുഎഇയില്‍ വിവാഹത്തിനു മുമ്പ് ജനിതക പരിശോധന നിര്‍ബന്ധം; നിയമം ജനുവരി മുതല്‍ പ്രാബല്യത്തില്‍
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത വിവാഹ പൂര്‍വ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമാക്കി. 2025 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിവാഹത്തിന് മുമ്പുള്ള ദമ്പതികള്‍ക്കും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല്‍ പരിശോധന നിര്‍ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ദമ്പതികള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം വിവാഹിതരാവാന്‍ പോകുന്ന യുഎഇ പൗരന്‍മാര്‍ വിവാഹ പൂര്‍വ മെഡിക്കല്‍ സ്‌ക്രീനിങ്ങിന്റെ ഭാഗമായി ജനിതക പരിശോധന നിര്‍ബന്ധമായും നടത്തണം. യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗങ്ങളില്‍ അംഗീകരിച്ച എമിറേറ്റ്‌സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്.
യുഎഇ പൗരന്‍മാര്‍ക്കിടയിലെ ജനിതക രോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗ സാധ്യതള്‍ കണ്ടെത്തി മുന്‍കൂട്ടി മെഡിക്കല്‍ ഇടപെടലുകള്‍ നടത്താന്‍ വ്യക്തികളെ ഇത് സഹായിക്കും. യുഎഇ ശതാബ്ദി ദര്‍ശനം 2071ന് അനുസൃതമായി, സുസ്ഥിര വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാന്‍ ഭാവി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.