മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിട്ട് കാനഡയിലേക്ക് ; സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാകവേ ചെയ്യാത്ത ജോലിക്ക് ശമ്പളവും വാങ്ങി ; വനിതാ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിട്ട് കാനഡയിലേക്ക് ; സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാകവേ ചെയ്യാത്ത ജോലിക്ക് ശമ്പളവും വാങ്ങി ; വനിതാ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ രാജ്യം വിട്ടു. കാനഡയില്‍ സിനിമാ നിര്‍മാണ മേഖലയില്‍ സജീവമായിരിക്കെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മാസ ശമ്പളം വാങ്ങിയ ഡോക്ടര്‍ക്ക് നോട്ടീസ്. ദില്ലിയില ജി ബി പന്ത് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗം മേധാവിയ്‌ക്കെതിരെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റിയ ഡോ. മഞ്ജു സബര്‍വാള്‍ ഈ കാലയളവില്‍ കാനഡയില്‍ സിനിമാ നിര്‍മ്മാണത്തിലായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീണ്ട അവധി എടുക്കുമ്പോള്‍ പിന്തുടരേണ്ട ഒരു നിബന്ധനകളും ഇവര്‍ പാലിച്ചിട്ടില്ലെന്ന് കണ്ടതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഡോ. മഞ്ജു സബര്‍വാള്‍ തന്നെക്കുറിച്ച് കാനഡ ആസ്ഥാനമായ സിനിമാ നിര്‍മ്മാതാവ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. അറിയിപ്പില്ലാതെ ജോലിക്ക് എത്താതിരിക്കുന്നത് സര്‍വ്വീസ് ബ്രേക്കിന് സമാനമായി കണക്കാക്കാതിരിക്കാനുള്ള കാരണമാണ് ഷോ കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാലയളവില്‍ വാങ്ങിച്ച ശമ്പളവും മറ്റ് അലവന്‍സുകളും തിരിച്ചടയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.

ഇതിന് പുറമേ ഇവര്‍ ഇന്ത്യ സന്ദര്‍ശിച്ച സമയം സൂക്ഷ്മമായി വിലയിരുത്താനും കേന്ദ്രം ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ ആശുപത്രിയില്‍ നിന്നും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡോ. മഞ്ജു സബര്‍വാളിനെ വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദില്ലി സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രിയാണ് ജി ബി പന്ത് ആശുപത്രി. ആശുപത്രിയിലെ ലാബുകളുടെ മേല്‍നോട്ടവും ലാബിലേക്ക് ആവശ്യമായ വസ്തുക്കളുടെ ശേഖരണം സംബന്ധിയായ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് വകുപ്പ് മേധാവിയാണ് എന്നിരിക്കെയാണ് വര്‍ഷങ്ങളായി യുവ ഡോക്ടര്‍ ജോലിക്ക് ഹാജരാവാതിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ സര്‍വ്വീസില്‍ ഓരോ വര്‍ഷം പത്ത് ഇഎല്‍, പത്ത് ദിവസം കാഷ്വല്‍ ലീവ്, 30 ദിവസം ടീച്ചിംഗ് ലീവ് അടക്കം ലഭ്യമായിട്ടുള്ള ഉദ്യോഗസ്ഥയാണ് ഡോ. മഞ്ജു സബര്‍വാള്‍. ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 36 മാസമാണ് പരമാവധി ലീവ് എടുക്കാനാവുക. ഈ ലീവ് എടുക്കുന്നവര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തണമെന്ന വ്യവസ്ഥയിലും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ഇമെയിലുകള്‍ക്ക് പ്രതികരണം ലഭിക്കാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. 2022ലാണ് സിനിമാ നിര്‍മ്മാണ കോഴ്‌സ് പഠിക്കാനായി ഡോ. മഞ്ജു കാനഡയിലേക്ക് പോയത്. ഈ കാലയളവില്‍ സാലറി ഇവര്‍ വാങ്ങിയിരുന്നു.

ബയോകെമിസ്ട്രി വിഭാഗത്തിലെ പല വിധ ആവശ്യങ്ങള്‍ക്കായി വകുപ്പ് മേധാവി എന്ന നിലയില്‍ ഇവര്‍ രേഖകളില്‍ ഒപ്പുവച്ചിരുന്നു. ഇതും അധികൃതരുടെ അനുവാദം വാങ്ങാതെയുള്ള ഗൂഡാലോചനയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 ലക്ഷത്തോളം രൂപയയുടെ സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് ഇവരുടെ അനൗദ്യോഗിക അവധി ചര്‍ച്ചയാവുന്നത്. ഓഫീസിലെത്താതെ ശമ്പളം വാങ്ങുന്ന വകുപ്പ് മേധാവികളേക്കുറിച്ച് മെയ് മാസത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരക്കുന്നത്.

Other News in this category



4malayalees Recommends