കുവൈത്തിലെ ബാങ്കുകള്‍ സമ്മാന നറുക്കെടുപ്പ് പരിപാടികള്‍ പുനരാരംഭിക്കാന്‍ സാധ്യത
കുവൈത്തിലെ ബാങ്കുകള്‍ ഏറെ പ്രശസ്തമായ സമ്മാന നറുക്കെടുപ്പ് പരിപാടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. നറുക്കെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട അധികാരിയെ കുറിച്ചുള്ള തര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണാനാകുമെന്ന സൂചനയോടെയാണ് ഇതു സംബന്ധിച്ച നീക്കങ്ങള്‍.
റിപ്പോര്‍ട്ട് പ്രകാരം നറുക്കെടുപ്പുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കുകള്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ നല്‍കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയം നടപടിക്രമങ്ങളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഇത്തരം നറുക്കെടുപ്പുകളുടെ മുഴുവന്‍ മേല്‍നോട്ടവും നിയന്ത്രണവും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഏറ്റെടുക്കും. മന്ത്രാലയത്തിന്റെ പങ്ക് ലൈസന്‍സ് നല്‍കുന്നതില്‍ ഒതുങ്ങും. നറുക്കെടുപ്പുകളുടെ നടപടിക്രമങ്ങളിലോ ഫലങ്ങളിലോ മേല്‍നോട്ടം വഹിക്കാന്‍ അധികാരമുണ്ടാകില്ല. സമ്മാനങ്ങളുടെ വിശ്വാസ്യത, നറുക്കെടുപ്പിന്റെ നീതിയുക്തത, വിജയികളുടെ ഫലങ്ങളുടെ കൃത്യത എന്നിവയില്‍ മുഴുവന്‍ മേല്‍നോട്ടവും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവാദിത്തമായിരിക്കും.