കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും നിരീക്ഷിക്കും
പൊതുവഴികളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തിലൂടെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനറല്‍ ട്രാഫിക് വകുപ്പിന്റെ പ്രത്യേക സംഘമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും.
ഉടമ സ്വമേധയാ ഹാജരാകാത്ത പക്ഷം വിഷയങ്ങള്‍ ട്രാഫിക് അന്വേഷണ വിഭാഗത്തിന് കൈമാറി നിയമനടപടി സ്വീകരിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയോ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയോ ലഭിച്ച തെളിവുകള്‍ പരിശോധിക്കുന്നതിനുള്ള അവകാശവുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.