അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വര്‍ണപ്രതിമ ഉയര്‍ത്തി. ബിറ്റ്‌കോയിന്‍ കയ്യിലേന്തി നില്‍ക്കുന്ന ട്രംപിന്റെ ഭീമാകാരന്‍ പ്രതിമയാണ് ഉയര്‍ത്തിയത്. ക്രിപ്റ്റോകറന്‍സി നിക്ഷേപകരാണ് പ്രതിമ സ്ഥാപിക്കാന്‍ പണം മുടക്കിയതെന്നാണ് വിവരം. ക്രിപ്‌റ്റോ കറന്‍സി വിഷയത്തിലെ ട്രംപിന്റെ നിലപാടാണ് പ്രതിമ സ്ഥാപിക്കാനുള്ള പ്രചോദനമെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇത് സംബന്ധിച്ച് വിവാദവും പൊട്ടിപ്പുറപ്പെട്ടു.
ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി, ധനനയം, സാമ്പത്തിക വിപണികളില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുകയാണ് പ്രതിമ സ്ഥാപിച്ച് ക്രിപ്‌റ്റോ നിക്ഷേപകര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സിക്ക് ട്രംപ് നല്‍കുന്ന തുറന്ന പിന്തുണയ്ക്കുള്ള ആദരമായി കൂടി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. പിന്നാലെ പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ പ്രദേശം ഇനി സഞ്ചാരികളെ ആകര്‍ഷിക്കുമോയെന്നാണ് അറിയേണ്ടത്.
അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഒരു ക്വാര്‍ട്ടര്‍ പോയിന്റ് കുറച്ചത് ഇന്നലെയാണ്. ഇതോടെ ഹ്രസ്വകാല നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് ഏകദേശം 4.1 ശതമാനമായി കുറഞ്ഞു. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത്.
യുഎസ് ഫെഡറല്‍ ബാങ്ക് മേധാവിയും ട്രംപും തമ്മില്‍ നല്ല ബന്ധത്തിലല്ല. അതിനാല്‍ തന്നെ പലിശ നിരക്ക് കുറച്ച നടപടിയില്‍ ട്രംപിന്റെ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.