പൂര്‍ണമായ ഓട്ടോമാറ്റിക് വാഹന പരിശോധനാ കേന്ദ്രം കുവൈത്തില്‍ ഉടന്‍ ആരംഭിക്കും
കുവൈത്തിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രത്തില്‍ പൂര്‍ണ്ണമായ ഓട്ടോമാറ്റിക് പരിശോധനാ സംവിധാനം ഉടന്‍ ആരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംവിധാനം കൊണ്ടുവരികയാണെന്നും ഇത് ഗതാഗതസുരക്ഷാ സേവനങ്ങളില്‍ വലിയ സാങ്കേതിക ചുവടുമാറ്റമാകുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നിക്കല്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‌മദ് അല്‍-നിമ്രാന്‍ അറിയിച്ചു.
ഈ നീക്കം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഉപയോഗിക്കുന്നവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയുന്നതാണ് വകുപ്പിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം വെറും ഒരു മാസത്തില്‍ 1,06,000-ത്തിലധികം വാഹനങ്ങള്‍ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2,389 വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സ്‌ക്രാപ് യാര്‍ഡിലേക്ക് അയച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 18 സ്വകാര്യ കമ്പനികള്‍ക്ക് വാഹന പരിശോധന നടത്താന്‍ അനുമതിയുണ്ട്. ഇതുകൂടാതെ ആറ് പുതിയ അപേക്ഷകള്‍ പരിഗണനയിലാണ്. കൂടാതെ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സിസ്റ്റത്തില്‍ ചേരാനുള്ള അവസരം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.