H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളര്‍ ആയി ഉയര്‍ത്തി. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഐടി പ്രൊഫഷനലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാല്‍, ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു.
വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാന്‍സ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴില്‍ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികള്‍ക്ക് ഇത് അപേക്ഷിക്കാന്‍ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ ആണ് അപേക്ഷ നല്‍കേണ്ടത്.
മൂന്ന് വര്‍ഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാന്‍ സാധിക്കും. എച്ച്1ബി വിസകള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്ക് ആണ്. അതുകൊണ്ട് തന്നെ ഇതില്‍ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാര്‍ക്ക് തന്നെയാകും. 2020 മുതല്‍ 2023 കാലയളവില്‍ ആകെ അനുവദിച്ച H1B വീസകളുടെ 73% ഇന്ത്യക്കാര്‍ ആയിരുന്നു.