ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, മുന്നറിയിപ്പ് നല്‍കി കുവൈത്ത് ട്രാഫിക് വിഭാഗം
ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം. പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍, ഓവര്‍ടേക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നത് ഒരു സാധാരണ നിയമലംഘനമായി തുടരുന്നുണ്ട്. ഇത് ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കുകയും റോഡില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ആറ് ദിവസത്തിനുള്ളില്‍ ഓവര്‍ടേക്ക് ചെയ്യല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 1,300 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഫീല്‍ഡ് പരിശോധനകളിലും ട്രാഫിക് ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തിലും ഈ അപകടകരമായ പ്രവണത തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ നിയമലംഘനങ്ങള്‍ ഗതാഗത തടസ്സങ്ങള്‍ക്ക് മാത്രമല്ല, നിരവധി അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റ് ഭാഗമായി ഇത്തരം പരിശോധനകള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.