എയിംസ് വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സിപിഐഎം. കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് നല്‍കിയില്ലെങ്കില്‍ തമിഴ്നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. സുരേഷ് ഗോപിയുടെ പ്രസ്താവന ശുദ്ധ വിവരദോഷമാണെന്ന് സിപിഐയും വിമര്‍ശിച്ചു.
സുരേഷ് ഗോപിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പതിവു വിഡ്ഢിവേഷം കെട്ടലായി മാറുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ കുറ്റപ്പെടുത്തി. സുരേഷ് ഗോപി ആലപ്പുഴയുടെ വ്യവസായരംഗത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാവായിരുന്ന ടി വി തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയാണെന്ന് ജില്ലാ സെക്രട്ടറി എസ് സോളമന്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോകാസ്റ്റ്, കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയര്‍ഫെഡ്, കയര്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രാഥമിക കയര്‍ സഹകരണസംഘങ്ങളും മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായസ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവനാപൂര്‍ണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്. കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന കയര്‍മേഖലയെ തകര്‍ക്കുന്ന സമീപനം കൈക്കൊണ്ട് വരുന്നത് സുരേഷ് ഗോപികൂടി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.