രാഹുലിന് അപാര തൊലിക്കട്ടിയെന്ന് എന്‍ എന്‍ കൃഷ്ണദാസ്, എംഎല്‍എയ്ക്ക് ഊരുവിലക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്
ലൈംഗിക ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സിപിഐഎം. അപാരചര്‍മ്മ ബലമുള്ള ആളുകള്‍ക്ക് മാത്രമേ ഇത്രയും ആരോപണങ്ങള്‍ നേരിട്ടിട്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്താന്‍ ധൈര്യം ഉണ്ടാകുവെന്ന് സിപിഐഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. രാഹുലിനെ പേറിയാല്‍ കോണ്‍ഗ്രസ് അപമാനിതരാവും, നാറും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോണ്‍ഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്നതാണ്. ചെയ്ത വോട്ട് തിരിച്ചെടുക്കാനുള്ള അവകാശം ഉണ്ടായിരുന്നെങ്കില്‍, ജനങ്ങള്‍ രാഹുലിനെ പുറത്താക്കുമായിരുന്നു. ജനപ്രാധിനിത്യ നിയമത്തിലെ ഈയൊരു പോരായ്മ ഉപയോഗിച്ച് രാഹുല്‍ എന്ന ദുര്‍ഗന്ധത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
അതേസമയം മണ്ഡലത്തിലെത്തിയ രാഹുലിനെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഊര് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. രാഹുലിനെ കാണുമ്പോള്‍ പരിചയമുള്ളവര്‍ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. രാഹുലിന് യാതൊരു സ്വീകരണവും നല്‍കിയിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.