ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ 'വിജയം നേടി' എന്നതടക്കമുള്ള നുണക്കഥ കുത്തിനിറച്ച് പാകിസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യന്‍ സൈന്യം നിലംതൊടാന്‍ അനുവദിക്കാതെ തകര്‍ക്കുകയായിരുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ഇല്ലാക്കഥകള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളില്‍ അച്ചടിച്ചുവച്ചിരിക്കുന്നത്.
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന 'തെറ്റായ ആരോപണങ്ങള്‍' ഉന്നയിച്ച ശേഷം, 2025 മെയ് 6-ന് ഇന്ത്യ പ്രകോപനമില്ലാതെ പാകിസ്ഥാനെ ആക്രമിച്ചു എന്നാണ് പുതുക്കിയ പാഠപുസ്തകങ്ങളില്‍ പറയുന്നത്. എന്നാല്‍ സത്യം മറിച്ചാണ്. പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ പഹല്‍ഗാമിലെ 26 സാധാരണക്കാരെ കൊലപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ 9 ഒളിത്താവളങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയായിരുന്നു. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പാക് സൈന്യം ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെന്നും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നും പാഠപുസ്തകങ്ങള്‍ തുടര്‍ന്ന് അവകാശപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, ഇസ്ലാമാബാദ് അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, കൂടാതെ മറ്റ് രണ്ട് ഡസനിലധികം പ്രദേശങ്ങളിലേക്കും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇതില്‍ പലതും സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളായിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ ലാഹോറിലെ പാകിസ്ഥാന്റെ എച്ച് ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയും സിയാല്‍കോട്ടിലും ഇസ്ലാമാബാദിന്റെ ഉള്‍പ്രദേശങ്ങളിലും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.