കാര്‍ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ബേത്തൂര്‍പാറ സ്‌കൂളിന് സമീപം കാര്‍ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥി കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് തെറ്റിദ്ധരിച്ചാണ് ഓട്ടോ ഡ്രൈവറായ അനീഷ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഓട്ടോയിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. നാട്ടുകാര്‍ അനീഷിനെ ആദ്യം കാസര്‍ഗോഡുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പിന്നീട് വ്യക്തമായി. ബജ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അധ്യാപകനായ ബെനറ്റാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ബെനറ്റ് പ്രാഥമിക ചികിത്സ തേടി. വീണയാണ് അനീഷിന്റെ ഭാര്യ. മക്കള്‍: നീരജ്, ആരവ്. പരേതനായ കെ ശേഖരന്‍ നായരുടെയും സി കമലക്ഷിയുടെയും മകനാണ്.