കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ

കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. കൗണ്‍സിലര്‍ ഖാലിദ് അല്‍-ഒമറ അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കുട്ടിയെ വാഷിംഗ് മെഷീനിനുള്ളില്‍ കിടത്തി പ്രവര്‍ത്തിപ്പിച്ചതും മരണത്തിലേക്ക് നയിച്ചതും വീട്ടജോലിക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഡിസംബര്‍ അവസാനം സബാഹ് അല്‍-സേലം പ്രദേശത്തുള്ള വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്.

കേസിന്റെ വിശദാംശങ്ങള്‍ അനുസരിച്ച്, ടെറസ്സിലെ അലക്കുമുറിയുടെ വാതില്‍ പൂട്ടിയിരിക്കുന്നതായി പിതാവ് കണ്ടെത്തുകയും തുടര്‍ന്ന് വാതില്‍ ബലമായി തുറന്നപ്പോള്‍ വാഷിംഗ് മെഷീനിനുള്ളില്‍ അനങ്ങാതെ കിടക്കുന്ന മകനെ കാണുകയുമായിരുന്നു. പരിഭ്രാന്തനായ അദ്ദേഹം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഇതിനകം മരിച്ചതായി മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. നേരത്തെ നടത്തിയ വിചാരണകളില്‍ കോടതി പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. കുട്ടി ഒരു ബക്കറ്റ് വെള്ളത്തില്‍ മുങ്ങിമരിച്ചതായി കണ്ടെത്തിയെന്നാണ് വീട്ടുജോലിക്കാരി അവകാശപ്പെട്ടത്. എന്നാല്‍ കേസിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ എന്നിവ കോടതി അവലോകനം ചെയ്തു.

കുറ്റകൃത്യം മനഃപൂര്‍വമാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള കൊലപാതകമാണെന്നും വാദിച്ച പബ്ലിക് പ്രോസിക്യൂഷന്‍, വധശിക്ഷ വിധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇത് മനുഷ്യജീവിതത്തിനു നേരെയുള്ള ഗുരുതരമായ ലംഘനം മാത്രമല്ല, സാമൂഹിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും, നീതി ഉയര്‍ത്തിപ്പിടിക്കുന്നതിനും, പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഏറ്റവും കഠിനമായ ശിക്ഷ ആവശ്യമുള്ള ഒരു ഹീനമായ കുറ്റകൃത്യവുമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. കേസിലെ വാദം കേട്ട കോടതി വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു.

Other News in this category



4malayalees Recommends