ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടി ഉറപ്പ് ; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടി ഉറപ്പ് ; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്
ഖത്തറിനെ സംരക്ഷിക്കാന്‍ അമേരിക്ക സൈനിക നടപടി ഉള്‍പ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസാ യുദ്ധം സംബന്ധിച്ച് ഇസ്രായേലുമായി വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടര്‍ന്നാണ് അമേരിക്കന്‍ സംരക്ഷണം ഉറപ്പ് നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചത്. ഖത്തറിന് അമേരിക്കയുടെ പിന്തുണ ഉറപ്പ് നല്‍കാനുള്ള ട്രംപിന്റെ മറ്റൊരു നടപടിയായിട്ടാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇതിന് എത്രത്തോളം നിയമപരമായ പ്രാബല്യമുണ്ടാകുമെന്ന് വ്യക്തമല്ല. ഉത്തരവിന്റെ ഉള്ളടക്കം ബുധനാഴ്ച വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുണ്ട്.

ഖത്തറിന്റെ അതിര്‍ത്തി, പരമാധികാരം അല്ലെങ്കില്‍ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ഏതൊരു സായുധ ആക്രമണവും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഉള്ള ഭീഷണിയായി കണക്കാക്കും. അത്തരമൊരു ആക്രമണമുണ്ടായാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെയും ഖത്തര്‍ രാജ്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്രപരവും സാമ്പത്തികപരവും ആവശ്യമെങ്കില്‍ സൈനികപരവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്വീകരിക്കുന്നതാണ് എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതെന്നാണ് സൂചന. സന്ദര്‍ശന വേളയില്‍, ട്രംപ് നെതന്യാഹുവിന് ഖത്തറുമായി സംസാരിക്കാന്‍ അവസരമൊരുക്കിയിരുന്നുവെന്നും വിവരമുണ്ട്.



Other News in this category



4malayalees Recommends