കുവൈത്തില്‍ ഡെലിവറി വാഹനം മോഷ്ടിച്ച കേസ് ; പ്രതി പിടിയില്‍
കുവൈത്തില്‍ ഡെലിവറി വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ അഹമ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. സ്വന്തമായി യാത്ര ചെയ്യാന്‍ വാഹനം ഇല്ലാത്തതിനാലാണ് പ്രതി ഈ അവസരം മുതലെടുത്ത് വാഹനം മോഷ്ടിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തയ്യാറാക്കി വെച്ച ഒരെണ്ണം ഉള്‍പ്പെടെ അഞ്ച് സൂചികളും ഒരു റോള്‍ ക്രിസ്റ്റല്‍ മെത്തും ഇയാളില്‍ നിന്ന് അധികൃതര്‍ കണ്ടെടുത്തു.
മയക്കുമരുന്ന് ആസക്തി കാരണമാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നും താന്‍ തൊഴിലില്ലാത്ത അവസ്ഥയിലായെന്നും പ്രതി വെളിപ്പെടുത്തി. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിലൂടെ സമ്പാദ്യം മുഴുവന്‍ നഷ്ടമായതാണ് ഒടുവില്‍ വാഹനം മോഷ്ടിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഒരു ഏഷ്യന്‍ പ്രവാസി ഡെലിവറി ഡ്രൈവറാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ മോഷണ വിവരം അറിയിച്ചത്. മുത്ല ഏരിയയിലെ ഒരു വീട്ടില്‍ സാധനം ഡെലിവറി ചെയ്യുന്നതിനിടെ വിലാസം ഉറപ്പാക്കാന്‍ ഇയാള്‍ ഓടിക്കൊണ്ടിരുന്ന വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഈ സമയത്ത്, അജ്ഞാതനായ ഒരാള്‍ വാഹനം ഓടിച്ചു പോയെന്നാണ് പരാതി നല്‍കിയത്.