ഇറാനില്‍ നിന്നുള്ള കുപ്പിവെള്ളം പ്രാദേശിക വിപണികളില്‍ നിന്ന് ഒഴിവാക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
ഇറാനില്‍ നിന്നുള്ള 'യുറാനസ് സ്റ്റാര്‍' എന്ന ബ്രാന്‍ഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്താക്കളില്‍ വിഷബാധയുണ്ടായതിനെത്തുടര്‍ന്ന് ചില അയല്‍ രാജ്യങ്ങളിലെ വിപണികളില്‍ നിന്ന് ഈ ഉല്‍പ്പന്നം പിന്‍വലിച്ചിരുന്നു. ഈ ഉല്‍പ്പന്നം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും കുടിവെള്ളവും അവയുടെ ഗുണനിലവാരവും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികള്‍ക്ക് വിധേയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.