ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും.
ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തന്റെയും മറ്റു സ്‌പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നല്‍കി.
പീഠം കാണാതായ സംഭവത്തില്‍ സഹപ്രവര്‍ത്തകനെ പഴിചാരിയാണ് പോറ്റി മൊഴി നല്‍കിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ചശേഷം തിരിച്ചുകൊണ്ടുവെക്കുകയായിരുന്നുവെന്നുമാണ് മൊഴി. അതേസമയം, പോറ്റിയുടെ മൊഴി വീണ്ടും എടുക്കുന്നതിനൊപ്പം 2019 ലും 2025ലും സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സമയത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴിവിജിലന്‍സ് രേഖപ്പെടുത്തും. അന്വേഷണം രഹസ്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.