ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം ; ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം ; ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബര്‍ 30 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി എന്ന ഒന്‍പത് വയസുകാരിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബര്‍ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടു. ഇതിന് ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതെന്ന് അമ്മ പറയുന്നു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കുട്ടിയുടെ കൈയില്‍ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

Other News in this category



4malayalees Recommends