കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവര്‍ക്ക് രാജ്യത്ത് തുടരാന്‍ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ വിദ്യാര്‍ത്ഥികളായി പ്രവേശിച്ച 47,175 പേര്‍ വിസ നിബന്ധനകള്‍ പാലിക്കാത്തവരാകാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സിയിലെ മൈഗ്രേഷന്‍ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫര്‍ പറഞ്ഞു. വിസയുടെ നിബന്ധനകള്‍ അനുസരിച്ച് അവര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയ ഏതെങ്കിലും പ്രത്യേക രാജ്യങ്ങള്‍ ഉണ്ടോ എന്ന ചോദ്യവുമുയര്‍ന്നു. കണ്‍സര്‍വേറ്റീവ് എംപി മിഷേല്‍ റെമ്പല്‍ ഗാര്‍നെ ഗാര്‍ണറാണ് ഇക്കാര്യം ചോദിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് മുന്‍പന്തിയിലെന്ന് സഫര്‍ ഉത്തരം നല്‍കി. കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ വഴിയാണ് ഈ കണക്ക് ലഭിച്ചതെന്ന് സഫര്‍ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെട്ടുവെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും വിസാ നിബന്ധനകള്‍ പാലിക്കാത്തവരാണോ എന്ന് ഇതുവരെ പൂര്‍ണമായി വ്യക്തമല്ല. വിസാ നിബന്ധനകള്‍ ലംഘിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നത് ഐആര്‍സിസിക്ക് വെല്ലുവിളിയായാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിസ പാലിക്കാത്തവരെ കണ്ടെത്തി നീക്കം ചെയ്യുന്നത് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ പറഞ്ഞു.
കാനഡയിലെ ഏതൊരു വിദേശ പൗരനും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ പരിധിയില്‍ വരുമെന്നും നിയമലംഘകരെ കണ്ടെത്തണമെന്നും ഗാര്‍ണറുടെ ചോദ്യത്തിന് മറുപടി നല്‍കവേ അവര്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയാല്‍ സ്‌കൂളുകള്‍ ഐആര്‍സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. അന്വേഷിച്ച് കണ്ടെത്തിയാല്‍ അത്തരം വ്യക്തികളെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയിലേക്ക് റഫര്‍ ചെയ്യാം. എന്നാല്‍ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ ട്രാക്ക് ചെയ്യാന്‍ ഐആര്‍സിസിക്ക് സ്വന്തമായി സംവിധാനമില്ല. ഈ വര്‍ഷം ആദ്യം മാത്രം, സ്റ്റുഡന്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച 50,000 വിദേശ പൗരന്മാരെ അവര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ഹാജരില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 19,582 പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു.