രാജ്യത്ത് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ചാല്‍ തടവും പിഴയും ; ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെച്ചവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നതോ, കാലഹരണപ്പെട്ട ആയുധ ലൈസന്‍സുള്ളവരോ ആയ എല്ലാ പൗരന്മാരും ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ലൈസന്‍സിംഗ് ഓഫീസ് സന്ദര്‍ശിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
2025 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആയുധങ്ങള്‍ക്ക് ലൈസന്‍സ് നേടുകയോ കാലഹരണപ്പെട്ട ലൈസന്‍സുകള്‍ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്. 2026 ജനുവരി 1 മുതല്‍ ലൈസന്‍സില്ലാത്ത ആയുധം കൈവശമുള്ളതായി കണ്ടെത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട 2013 ലെ നിയമം നമ്പര്‍ 11(1999 ലെ നിയമം നമ്പര്‍ 14 ഭേദഗതി ചെയ്തത്) അനുസരിച്ച്, രാജ്യത്ത് ലൈസന്‍സില്ലാത്ത ആയുധം കൈവശം വയ്ക്കുന്നത് തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.