ഇറാനില്‍ നിന്നുള്ള യുറാനസ് സ്റ്റാര്‍ കുപ്പിവെള്ളത്തില്‍ മലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (പിഎഎഫ്എന്‍) അടിയന്തര മുന്നറിയിപ്പ് നല്‍കി. മാര്‍ക്കറ്റില്‍ നിന്ന് ഈ ഉല്‍പ്പന്നം പിന്‍വലിച്ചു. ഈ ഉല്‍പ്പന്നത്തിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, ലബോറട്ടറി പരിശോധന, ഇറക്കുമതി താല്‍ക്കാലികമായി നിരോധിക്കല്‍ എന്നിവ ഏര്‍പ്പെടുത്തി.
ഉല്‍പ്പന്നം ഉപയോഗിക്കുന്നത് നിര്‍ത്താനും, ഉപേക്ഷിക്കാനോ അല്ലെങ്കില്‍ തിരികെ നല്‍കാനോ, ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഏതെങ്കിലും വില്‍പ്പന നടന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാനില്‍ യുറാനസ് സ്റ്റാര്‍ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് . ഈ ബ്രാന്‍ഡിന്റെ ചില കുപ്പികളില്‍ മലിനമായതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ഇറാനില്‍ നിന്നുള്ള 'യുറാനസ് സ്റ്റാര്‍' എന്ന ബ്രാന്‍ഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളില്‍ നിന്ന് ഒഴിവാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു.