യുകെയില്‍ രോഗലക്ഷണങ്ങള്‍ അലര്‍ജിയുടേതാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ച യുവതി മരിച്ചു. 24കാരിയായ ജോര്‍ജിയ ടെയ്ലറാണ് മരിച്ചത്. കാലില്‍ തിണര്‍പ്പ്, വീക്കം, വേദന എന്നിവയുമായാണ് ജോര്‍ജിയ ആശുപത്രിയില്‍ എത്തിയത്. ഗ്രീസിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായത്. ആശുപത്രിയില്‍ വച്ച് തന്നെ യുവതി മരണമടയുകയായിരുന്നു. ഏപ്രിലില്‍ ലണ്ടന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ജോര്‍ജിയക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ജൂണിലാണ് വിരലുകളില്‍ ചെറിയ രീതിയില്‍ ചുണങ്ങുകളോടെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ധരിച്ച മോതിരത്തിന്റേതാകാമെന്ന് കരുതി ഇത് അവഗണിക്കുകയായിരുന്നു. പിന്നീട് ജൂലൈയില്‍ മുഖത്താകെ നീര് വന്ന് കണ്ണുകളടക്കം വീര്‍ക്കുകയായിരുന്നു. പിന്നീട് കയ്യില്‍ വീണ്ടും ചുണങ്ങുകള്‍ വന്നപ്പോഴാണ് ഫാമിലി ഡോക്ടറെ കണ്ടത്. എന്നാല്‍ ഇത് അലര്‍ജിക് റിയാക്ഷനാണെന്ന് പറഞ്ഞ് ആന്റിഹിസ്റ്റാമൈനുകളും ഹൈഡ്രോകോര്‍ട്ടിസോണും നല്‍കി ജോര്‍ജിയയെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ചികിത്സ നല്‍കിയിട്ടും യുവതിയുടെ നില നാള്‍ക്കു നാള്‍ വഷളാവുകയായിരുന്നു. ശ്വാസതടസ്സം വന്നപ്പോഴും ആന്റിഹിസ്റ്റാമൈനുകള്‍ നല്‍കി വീട്ടിലേക്ക് അയച്ചുവെന്നും മാതാപിതാക്കള്‍ പറയുന്നു.
പിന്നീട്, ഓഗസ്റ്റില്‍ ഗ്രീസിലേക്കുള്ള യാത്രക്കിടെ യുവതിക്ക് വലതു കാലിന് വേദന അനുഭവപ്പെടുകയും നടക്കുന്നത് പ്രയാസമായി മാറുകയുമായിരുന്നു. ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിയോടെ ജോര്‍ജിയ വീണ്ടും ഡോക്ടറെ കാണുകയും രോഗാവസ്ഥ മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നുവെന്ന് അമ്മ പറയുന്നു. അതേ സമയം ഇപ്പോഴും ജോര്‍ജിയയുടെ മരണ കാരണം വ്യക്തമല്ല.