രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ സ്റ്റാര്‍മറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള വരവ് കുടിയേറ്റവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ നിലപാടില്‍ അയവ് വരുത്തിയേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അത്തരം നിയന്ത്രണങ്ങളില്‍ യാതൊരു മാറ്റങ്ങളും വരുത്തില്ലെന്നും വിസയുമായി ബന്ധപ്പെട്ട് യാതൊന്നും ചര്‍ച്ച ചെയ്യാനല്ല ഇന്ത്യയിലെത്തിയതെന്നും സ്റ്റാര്‍മര്‍ തന്നെ വിശദീകരിച്ചു. ചില സാമ്പത്തിക സഹകരണങ്ങളെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ഇതാദ്യമായിട്ടാണ് കെയ്ര് സ്റ്റാര്‍മര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ- യുകെ വ്യാപാര കരാറിന്റെ തുടര്‍ ചര്‍ച്ച മുഖ്യ അജണ്ടയായിരിക്കും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും സ്റ്റാര്‍മര്‍ ഇന്ന് ചര്‍ച്ച നടത്തും.
കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവെച്ചത്. ജൂലായ് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലെത്തി. തുടര്‍ന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വ്യവസായമന്ത്രി ജൊനാഥന്‍ റെയ്നോള്‍ഡും സമഗ്ര, സാമ്പത്തിക, വ്യാപാര കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.