നിരോധിത സംഘടനയായ 'ഹിസ്ബ് ഉത് തഹ്രീറില്‍' ചേര്‍ന്നതിനും അതിന് ധനസഹായം നല്‍കിയതിനും കുവൈത്തി പൗരന് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ അധിക്ഷേപിച്ചതിനും ലെബനനിലെ ഒരു തീവ്രവാദ ഗ്രൂപ്പിനെ പിന്തുണച്ചതിനും കൂടിയാണ് ശിക്ഷ വിധിച്ചത്.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ രാഷ്ട്രീയ സംവിധാനങ്ങളെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു നിരോധിത ഗ്രൂപ്പില്‍ ചേരുകയും മറ്റുള്ളവരോട് അതില്‍ ചേരാന്‍ ആഹ്വാനം നടത്തുകയും പ്രതി ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി. നിരോധിക്കപ്പെട്ട 'ഹിസ്ബ് ഉത്-തഹ്രീര്‍' സംഘടനയില്‍ ഇയാള്‍ ചേരുകയും എക്‌സിലെ സ്വന്തം അക്കൗണ്ട് വഴി ഗ്രൂപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് മറ്റുള്ളവരെ അതില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തായും തെളിഞ്ഞതോടെയാണ് നടപടി
പ്രതി തീവ്രവാദത്തിന് ധനസഹായം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിരോധിക്കപ്പെട്ട 'ഹിസ്ബ് ഉത്-തഹ്രീര്‍' എന്ന ഗ്രൂപ്പിന് വേണ്ടി, ലെബനനിലെ പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാള്‍ക്ക് വിദേശ മണി ട്രാന്‍സ്ഫറുകളിലൂടെ പണമായി നല്‍കുകയായിരുന്നു. തീവ്രവാദ ഗ്രൂപ്പാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാള്‍ സഹായം നല്‍കിയതെന്നും വ്യക്തമായി.