'അയാളെപ്പോലെ ഒരു നടന്‍ വേറെയില്ലെന്ന് ഉറപ്പാണ്'; ധ്രുവ് വിക്രമിനെ പ്രശംസിച്ച് അനുപമ പരമേശ്വരന്‍
വാഴൈ' എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന 'ബൈസണ്‍' എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ നായികയായെത്തുന്നത്. തെലുങ്ക് ചിത്രം 'പര്‍ദ്ധ'യ്ക്ക് ശേഷം അനുപമ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ സിനിമയില്‍ ധ്രുവ് വിക്രമിനോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുപമ പരമേശ്വരന്‍. സിനിമയുടെ പ്രമോഷന്‍ ഇവന്റിനിടെയായിരുന്നു അനുപമയുടെ പ്രതികരണം. ധ്രുവ് വിക്രമിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നാണ് അനുപമ പറയുന്നത്.
'ഞാനും ധ്രുവും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്ന് പലരും പറയുന്നത് കേട്ടു. എല്ലാ ക്രെഡിറ്റും മാരി സാറിനും നിവാസിനുമാണ് (സംഗീത സംവിധായകന്‍). മാരി സാര്‍ പറയുന്നത് അതുപോലെ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജോലി. ഈ സിനിമയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്നതിനും ഒരുവര്‍ഷം മുമ്പ് ധ്രുവ് വര്‍ക്കുകള്‍ തുടങ്ങിയിരുന്നു. ഫിസിക്കലി ഒരുപാട് കഷ്ടപ്പാടുകള്‍ അദ്ദേഹം സഹിച്ചു. കബഡി പഠിച്ചു, ബോഡി ബില്‍ഡിങ് നടത്തി അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ധ്രുവ് ചെയ്തിട്ടുണ്ട്.' അനുപമ പറയുന്നു.
കബഡി ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സ്പോര്‍ട്സ് ഐറ്റമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിന് വേണ്ടി നല്ല കഷ്ടപ്പാട് ധ്രുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സിനിമക്ക് വേണ്ടി മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും നല്ല രീതിയില്‍ കബഡി കളിക്കാന്‍ ധ്രുവ് പരിശീലിച്ചിട്ടുണ്ട്. അത്രയും എഫര്‍ട്ടും ഹാര്‍ഡ്വര്‍ക്കും അയാള്‍ ചെയ്തിട്ടുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ധ്രുവിനെപ്പോലെ ഹാര്‍ഡ് വര്‍ക്കിങ്ങും ഡിറ്റര്‍മിനേഷനുമുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല. അയാളെപ്പോലെ ഒരു നടന്‍ വേറെയില്ലെന്ന് ഉറപ്പാണ്.' അനുപമ കൂട്ടിച്ചേര്‍ത്തു.