പഠനത്തിനായി ഇനി യുകെയിലേക്ക് പോകേണ്ടതില്ല. ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനമിങ്ങനെയാണ്. കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന ബ്രിട്ടീഷ് വിദ്യാഭ്യാസം ഇന്ത്യന്‍ നഗരങ്ങളില്‍ നല്‍കും. പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുടങ്ങും. അനുമതി പ്രധാനമന്ത്രി മോദിയും നല്‍കി കഴിഞ്ഞു.
ഇന്ത്യ ബ്രിട്ടന്‍ കരാറിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ഇനി രാജ്യത്ത് തന്നെ അവസരമുണഅടാകും. യൂണിവേഴ്‌സിറ്റി ഓഫ് ലങ്കാസ്റ്ററിനും യൂണിവേഴ്‌സിറ്റി ഓഫ് സറേയ്ക്കും ഇന്ത്യയില്‍ ക്യാമ്പസ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ 40 മില്യണ്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2035 ആകുമ്പോള്‍ 70 മില്യണ്‍ സീറ്റുകള്‍ വേണം. ഇതിനായി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ വരവ് ഗുണം ചെയ്യും. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ ഉന്നത വിദ്യാഭ്യാസം ലഭിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്ടണ്‍ ഈ വര്‍ഷം ആദ്യം തന്നെ ഡല്‍ഹിയില്‍ ക്യാമ്പസ് തുറന്നിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് അബെര്‍ഡീന്‍, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍, യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂള്‍, ക്യൂന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് കവന്‍ട്രി എന്നിവ അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ഒരു തീരുമാനം കൂടിയാണ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഈ യൂണിവേഴ്‌സിറ്റികള്‍.