പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പൊലീസിന്റെ വാദം പൊളിയുന്നു

പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, പൊലീസിന്റെ വാദം പൊളിയുന്നു
പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വാക്കുകള്‍ സത്യമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവന്‍ പ്രതികരിച്ചു. കേരളത്തില്‍ പൊലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്ര ഗവണ്‍മെന്റ് സികെജി കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്. ചെയര്‍മാന്‍ സീറ്റില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലിന് ശേഷം യുഡിഎഫ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്.



Other News in this category



4malayalees Recommends