മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലിയെന്നായിരുന്നു അധിക്ഷേപം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമം പോലെയാണ് മുഖ്യമന്ത്രിയുടെ കുടുംബമെന്നും മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യാ പിതാവും കള്ളന്മാരാണെന്നും കെ എം ഷാജി ആരോപിച്ചു.
സ്വര്‍ണം കടത്തി കടത്തി ശബരിമലയിലെ സ്വര്‍ണവും കാണാനില്ല. മുഖ്യമന്ത്രിയും കൂട്ടരും ശബരിമലയിലെ സ്വര്‍ണവും കവര്‍ന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി തനിച്ചല്ല സ്വര്‍ണം കവര്‍ന്നത്. കൂടുതല്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 ല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേകിന് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമര്‍ശം. ഫെബ്രുവരി 14-ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും വിവേക് ഹാജരായിരുന്നില്ല.
കേസില്‍ വിവേകിനെതിരെ ഇഡി തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.