'താലിബാന് സ്ത്രീകള്‍ മനുഷ്യരല്ല, അവര്‍ക്ക് വീടിന് പുറത്ത് സ്ത്രീകളെ കാണാന്‍ താല്‍പര്യമില്ല'; വിമര്‍ശിച്ച് തസ്ലീമ നസ്രീന്‍

'താലിബാന് സ്ത്രീകള്‍ മനുഷ്യരല്ല, അവര്‍ക്ക് വീടിന് പുറത്ത് സ്ത്രീകളെ കാണാന്‍ താല്‍പര്യമില്ല'; വിമര്‍ശിച്ച് തസ്ലീമ നസ്രീന്‍
അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീന്‍. താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലീമ നസ്രീന്‍ എക്‌സില്‍ കുറിച്ചു.

'അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ വന്ന് ഒരു പത്രസമ്മേളനം നടത്തി. അദ്ദേഹം ഒരു വനിതാ പത്രപ്രവര്‍ത്തകരെയും പങ്കെടുക്കാന്‍ അനുവദിച്ചില്ല. താലിബാന്‍ ആചരിച്ചുവരുന്ന ഇസ്ലാമില്‍, സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിയുകയും കുട്ടികളെ പ്രസവിക്കുകയും ഭര്‍ത്താവിനെയും കുട്ടികളെയും സേവിക്കുകയും മാത്രമേ ചെയ്യാവൂ എന്നാണ് കരുതുന്നത്. സ്ത്രീവിരുദ്ധരായ ഈ പുരുഷന്മാര്‍ക്ക് വീടിന് പുറത്ത് എവിടെയും സ്ത്രീകളെ കാണാന്‍ താല്‍പ്പര്യമില്ല - സ്‌കൂളുകളിലോ ജോലിസ്ഥലങ്ങളിലോ കാണാന്‍ പാടില്ല. സ്ത്രീകളെ മനുഷ്യരായി കണക്കാക്കാത്തതിനാല്‍ അവര്‍ സ്ത്രീകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നു. പുരുഷ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി ഉണ്ടായിരുന്നെങ്കില്‍, അവര്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയേനെ. കൊടിയ സ്ത്രീവിരുദ്ധതയില്‍ കെട്ടിപ്പടുത്ത ഒരു രാജ്യം പ്രാകൃത രാഷ്ട്രമാണ്. ഒരു പരിഷ്‌കൃത നാടും അതിനെ അംഗീകരിക്കരുത്', അവര്‍ കുറിച്ചു.

അഫ്ഗാനിലെ താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. അമിര്‍ ഖാന്‍ മുത്തഖി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് ക്ഷണിച്ചത്.

Other News in this category



4malayalees Recommends