ലണ്ടനിലെ ഈസ്റ്റ് ലണ്ടന്‍ മസ്ജിദ് സംഘടിപ്പിച്ച മുസ്ലീം ചാരിറ്റി റണ്‍ എന്ന അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ 12 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത് വിവാദമായി. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം അനുവാദം നല്‍കിയത് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കി.
ലണ്ടനിലെ ടവര്‍ ഹാമ്ലേറ്റ്‌സിലെ വിക്ടോറിയ പാര്‍ക്കിലാണ് മാരത്തോണ്‍ നടക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ സംബന്ധിച്ച് ആദ്യമായാണ് ചര്‍ച്ചയാകുന്നത്.മനുഷ്യാവകാശ സംഘടനകള്‍ സംഭവത്തെ നിയമവിരുദ്ധമെന്നും സ്ത്രീ വിരുദ്ധമെന്നും കുറ്റപ്പെടുത്തി.
പൊതു സ്ഥലത്ത് ചാരിറ്റിയുടെ പേരില്‍ നടക്കുന്ന ഈ പരിപാടിയില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് മുസ്ലീം വിമണ്‍സ് നെറ്റ്വര്‍ക്ക് യുകെ പ്രതികരിച്ചു.
പരസ്യമായ ലിംഗ വിവേചനമാണ് നടക്കുന്നത്. അതിനിടെ മസ്ജിദ് ആരോപണം തള്ളി. സ്ത്രീകള്‍ക്കുള്ള പ്രത്യേക ഇവന്റുകള്‍ അല്ലെങ്കില്‍ പുരുഷന്മാര്‍ക്കുള്ള കായിക പരിപാടികള്‍ എന്നിവയും നിയമപരമായി അനുവദനീയമാണ്. ഈ ചാരിറ്റി റണ്‍ നടത്തുമ്പോള്‍ ലിംഗ വിവേചനമില്ലെന്നും അധികൃതര്‍ ന്യായീകരിക്കുന്നു.