കടലിനും, ചെകുത്താനും നടുക്കാണ് ചാന്‍സലര്‍ ഇപ്പോഴുള്ളത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പോലെയാണ് സമ്പദ് വ്യവസ്ഥയുടെയും, വളര്‍ച്ചയുടെയും അവസ്ഥ. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച ഉണര്‍വോ, വളര്‍ച്ചയോ കൈവരിക്കാത്തതിനാല്‍ ചാന്‍സലര്‍ക്ക് അടുത്ത ബജറ്റ് കൈപൊള്ളുന്ന നിലയിലാണ്.
വരുമാനം കണ്ടെത്താന്‍ പാതിവെന്ത പദ്ധതികള്‍ അവതരിപ്പിച്ചാല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അപകടത്തിലാകുമെന്നാണ് റേച്ചല്‍ റീവ്‌സിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നല്‍കുന്ന മുന്നറിയിപ്പ്. ധനക്കമ്മി നികത്താനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
എന്നാല്‍ വാഗ്ദാനം പാലിക്കാനായി നികുതികള്‍ വര്‍ദ്ധിപ്പിക്കാതെ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ അനാവശ്യമായി സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നാണ് ഐഎഫ്എസ് ചൂണ്ടിക്കാണിക്കുന്നത്. ഗവണ്‍മെന്റ് വരുമാനത്തിലെ കുറവ് താല്‍ക്കാലിക നടപടികളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ഇത് സംഭവിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിക്കാതെ തന്നെ വരുമാനം നേടാന്‍ മറ്റ് വഴികളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 15 മാസക്കാലമായി ലേബര്‍ ഭരണം ദുരന്തമായി മാറിയതോടെ ഈ ബജറ്റ് ഒന്നുകില്‍ രക്ഷപ്പെടുകയോ, അല്ലെങ്കില്‍ ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് എത്തിനില്‍ക്കുന്നത്.