പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടന്ന റാലിയിലാണ് വേണ്ടിവന്നാല്‍ പാര്‍ലമെന്റ് കത്തിക്കുമെന്ന് ലിഡിയ തോര്‍പ്പ് പ്രസംഗിച്ചത്..
പലസ്തീനിലെ ജനങ്ങളുടെ ദുരവസ്ഥയെ ആദിമ വര്‍ഗ്ഗ ഓസ്‌ട്രേലിയക്കാരുടെ ജീവതവുമായി താരതമ്യം ചെയ്ത ലിഡിയ തോര്‍പ്പ് നീതിയ്ക്ക് വേണ്ടി എല്ലാ ദിവസവും പോരാടുമെന്ന് പ്രഖ്യാപിച്ചു.
പലസ്തീന്‍ ജനതയ്ക്കായുള്ള പോരാട്ടം എല്ലാ ദിവസവും തുടരുമെന്നും അതിനായി പാര്‍ലമെന്റ് മന്ദിരം കത്തിക്കേണ്ടിവന്നാല്‍ അതു ചെയ്യുമെന്നും ലിഡിയ തോര്‍പ്പ് പറഞ്ഞു. സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല താന്‍ അവിടെയുള്ളതെന്നും ജനങ്ങള്‍ക്ക് നീതി കിട്ടാനാണ് താന്‍ അവിടെയുള്ളതെന്നും ലിഡിയ തോര്‍പ്പ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലിഡിയ തോര്‍പ്പിനെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കരുതെന്ന് പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടു.ലിഡിയ തോര്‍പ്പിനെതിരെ പാര്‍ലമെന്റില്‍ അച്ചടക്ക നടപടി കൊണ്ടുവരാന്‍ ശുപാര്‍ശയുണ്ടാകും.
അതേസമയം ലിഡിയ തോര്‍പ്പിന്റെ പ്രസംഗത്തില്‍ നിയമപരമായി വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തന്റെ പരാമര്‍ശം പ്രസംഗത്തിനിടെ നടത്തിയ ഒരു വാക് പ്രയോഗം മാത്രമെന്ന് സെനറ്റര്‍ ന്യായീകരിച്ചു.